മീമിനെ പറഞ്ഞിടാൻ
മലയാളമേ പദഗാഥ നൽകൂ
മലരണിക്കാടെ പെയ്യുമോ നീ
തുഞ്ചൻ്റെ കിളിയേ പാടുമോ നീ
മലയാള മണ്ണിൻ മണമുള്ള കാവ്യം
പൂവിനെ പോൽ പൂമാൻ നബി എന്ന്
പണ്ടൊരു ശാഇർ ശീലായി പാടി
പൂക്കാലമിത്കേട്ട് വണ്ടോടുക്കൽ
കവിതൻ വിലാസം ദൂതയച്ചു
വാടുമീ പൂവുകൾ തൻ കാന്തിയെങ്ങനെ
വീഴുമീ സൂനങ്ങൾ സൗരഭ്യമെങ്ങനെ
മഹ്മൂദിൻ വടിവോട് ഉപമിക്കയെങ്ങനെ
ചന്ദ്രിക ചന്ദമിൽ ചീമാൻ നബിയെന്ന്
കൽപന രാജ്യത്തെ കവി ചിന്തെഴുതി
കവിയോട് ചന്തിരൻ പരിഭവം ചൊല്ലി
മമനൂറ് പോലും ശംസിൻ്റെയല്ലേ
ഈകാണും നിലവെല്ലാം കടമാണ് പൊയ്യേ
തിരിപോലുമില്ലാത്തോൻ ഒളിവേകി സൂര്യൻ
സൂര്യനെ പോലെ സിറാജായ് റസൂലെന്ന്
കവിമാറ്റിയെഴുതി ഖമറിനെ കേട്ട്
എഴുതിയ കടലാസ് കണ്ടതിൽ പിന്നെ
തീയൂതി ശംസന്ന് താക്കീതുരത്തു
നൂറുമ്മൽ നൂറായ ആറ്റൽ മുഹമ്മദെ
എന്നോടുപമിച്ച് ചെറുതാക്കരുതെ
നീർമാതളം ചൊന്നു പാരിജാതത്തോട്
മദിനാമിനാരത്തിൽ തളിർത്തെങ്കിലെന്ന്
തുമ്പയും തെച്ചിപ്പൂ തുളസിയും കൊന്നയും
അതിമോഹമല്ലേന്ന് അത് കേട്ടുരത്തു
സ്വകാര്യമായ് ചാലിയാർ നിളയോട് ചൊല്ലി
കണ്ണുകൾ ചിമ്മി കിനാവിലായൊഴുകാം
മലരണിക്കാടാക്കി മരുഭൂവ് മാറ്റാം
ആയിരത്തൊണ് രാവുകൾ കുല്ലും
ഷഹർസാദ് ചൊന്നാലും മീമ് തീരുകില്ല
മേഘമൽഹാറോട് ദൂതയക്കുന്നോവർ
കാളിദാസൻ ഋതുവിൽ മീമ് തീരുകില്ല
ആംഗലേയത്തിൻ്റെ സാഹിതി സുൽതാന്മാർ
ഒന്നായി കോർത്താലും മീമാവുകില്ല
പിന്നെ ഞാനിമ്മിണി കുഞ്ഞു മലയാളം
എങ്ങനെ മുഴുമിക്കും മീമെന്ന കാവ്യം